ലക്നോ: ഉത്തപ്രദേശിലെ ലക്നോവിൽ ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നൈതിക് കുമാർ (17) ആണ് ജാനേശ്വർ മിശ്ര പാർക്കിംഗിന് സമീപം നടന്ന മത്സരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു നൈതിക്. ജാനേശ്വർ മിശ്ര പാർക്കിംഗിന് സമീപമെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മുന്നിലുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിച്ചു. തുടർന്ന് ഡിവൈഡറിലേയ്ക്ക് തെറിച്ച് വീണ നൈതികിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറ്റൊരു ബൈക്കുമായി കുട്ടിയിടിച്ചു. സ്കൂട്ടർ യാത്രികനായ ആദിത്യ ശ്രീവാസ്തവ, ബൈക്ക് യാത്രികനായ കൃഷ്ണ സിംഗ് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയ ശേഷം നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.